Pic
shadow

ചരിത്രം

         വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം ഇവിടുത്തെ ആദിവാസികളായ ഗിരിവര്‍ഗ്ഗക്കാരുടെ ചരിത്രത്തില്‍ നിന്നും തുടങ്ങുന്നു. മന്നാന്മാരാണ് ആദിവാസി വിഭാഗങ്ങളില്‍ മുഖ്യര്‍. നൂറ്റാണ്ടുകള്‍ക്കു മുമ്പ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരി ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഗോത്രവര്‍ഗ്ഗ പരമ്പരയിലെ പിന്‍മുറക്കാരാണ് മന്നാന്മാര്‍. നാട്ടുരാജാക്കന്മാരുടെ കിടമത്സരം മൂലം ഈ ജനവിഭാഗം മധുരയിലേക്കു പലായനം ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. മധുരയില്‍ എത്തിച്ചേര്‍ന്ന ഈ വിഭാഗം അവിടെ കൂട്ടത്തോടെ താമസിക്കുകയും വര്‍ഷങ്ങള്‍ക്കുശേഷം ഒരു കോട്ട പണിതുയര്‍ത്തുകയും ചെയ്തു. “മന്നാന്‍കോട്ട” എന്ന പേരില്‍ ഒരു സ്ഥലം ഇന്നും മധുരയില്‍ ഉണ്ട്. കാലക്രമേണ അവര്‍ മധുര രാജാവിന്റെ അടിമകളായി മാറി. മധുരയിലെ രഥോത്സവം അന്ന് പ്രസിദ്ധമായിരുന്നു. രഥം കെട്ടിവലിക്കാന്‍ ഉപയോഗിച്ചിരുന്ന നീളം കൂടിയ ചൂരല്‍ വള്ളികള്‍ ശേഖരിക്കാന്‍ അടിമകളായ മന്നാന്മാരെയാണ് രാജാവ് നിയോഗിച്ചിരുന്നത്. ദിവസങ്ങളോളം വനാന്തരങ്ങളില്‍ സ്വതന്ത്രമായി കഴിയാന്‍ അവര്‍ക്കവസരം ലഭിച്ചു. അടിമത്തത്തില്‍നിന്നും മോചനം ലഭിക്കാനുള്ള മാര്‍ഗ്ഗം വനങ്ങളില്‍ അഭയം തേടുകയാണെന്നു മനസ്സിലാക്കിയ അവര്‍ കൂട്ടത്തോടെ ഒളിച്ചോടി. ഇങ്ങനെ മധുരയില്‍ നിന്നും പലായനം ചെയ്ത ഇവര്‍ വനമദ്ധ്യത്തില്‍ വാസമുറപ്പിച്ചു. ഈ സ്ഥലം പിന്നീട് “മന്നാന്‍കണ്ടം” എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ഇവിടെനിന്നും ചെറുഗ്രൂപ്പുകളായി പിരിഞ്ഞ് വിവിധപ്രദേശങ്ങളില്‍ സംഘങ്ങളായി ഇവര്‍ താമസിച്ചു. അതിലൊരു വിഭാഗമാണ് “ചുഴലിക്കണ്ടം” എന്നറിയപ്പെട്ടിരുന്ന വാഴത്തോപ്പില്‍ എത്തിച്ചേര്‍ന്നത്. ഒരിടത്തും സ്ഥരിമായി താമസിക്കുന്ന സ്വഭാവം ഇവര്‍ക്കില്ലായിരുന്നു. നായാട്ടും മീന്‍പിടുത്തവും ഇവരുടെ ഉപജീവനമാര്‍ഗ്ഗങ്ങളായിരുന്നു. ക്രമേണ അംഗസംഖ്യ വര്‍ദ്ധിച്ചതോട് കൂടി ഭക്ഷ്യ ദൌര്‍ലഭ്യം അനുഭവപ്പെട്ടു. സ്ഥിരതാമസം അനിവാര്യമായിത്തീര്‍ന്നപ്പോള്‍ കാടു വെട്ടിത്തെളിച്ച് കൃഷി ചെയ്തു. ഒന്നു രണ്ടു വര്‍ഷം ഒരുസ്ഥലത്തു കൃഷി ചെയ്താല്‍ മറ്റൊരു സ്ഥലത്തേക്കു മാറുക ഇവരുടെ സ്വഭാവമായിരുന്നു. മന്നാന്മാര്‍ താമസിച്ചിരുന്ന വനപ്രദേശം തിരുവിതാംകൂര്‍ രാജാവിന്റെ അധീനതയിലായിരുന്നു. മന്നാന്മാരുടെ തലവനായി അറിയപ്പെട്ടിരുന്ന ആളിന് “രാജമന്നാന്‍” എന്ന സ്ഥാനപ്പേര് തിരുവിതാംകൂര്‍ മഹാരാജാവ് കല്പിച്ചു നല്‍കുകയും ചെയ്തു. രാജനീതി നടപ്പാക്കുന്നതിനുള്ള അധികാരവും ഇതോടൊപ്പം രാജമന്നാന് രാജാവില്‍ നിന്നും ലഭിച്ചിരുന്നു. മന്നാന്മാര്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്തിന് “കുടി” എന്നു പറയുന്നു. ഓരോ കുടിക്കും ഓരോ തലവനുണ്ടായിരിക്കും. ഈ തലവനെ “കാണി” എന്നു വിളിക്കുന്നു. രാജമന്നാനാണ് ഓരോ കുടിയിലെയും തലവനെ നിശ്ചയിക്കുന്നത്. കുളമാവില്‍നിന്നും ചെറുതോണിയാറിന്റെ തീരത്തുകൂടി ഒരു ജീപ്പ് റോഡ് ഇക്കാലത്തു നിലവില്‍ വന്നു. ഇടുക്കി-പുളിയന്മല, ഇടുക്കി-മൂലമറ്റം, ഇടുക്കി-നേര്യമംഗലം എന്നീ റോഡുകളുടെ നിര്‍മ്മാണം പഞ്ചായത്തിന്റെ പുരോഗതിക്കു വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇലക്ട്രിസിറ്റി ബോര്‍ഡിലും, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലും ജീവനക്കാരായും, തൊഴിലാളികളായും, കോണ്‍ട്രാക്ടര്‍മാരായും, കച്ചവടക്കാരായും എത്തിച്ചേര്‍ന്നവര്‍ പൈനാവിലും പാറേമാവിലും ചെറുതോണിയിലുമായി താമസിച്ചു തൊഴിലെടുക്കുകയും ഈ നാടിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായ പുത്തന്‍ ചരിത്രമെഴുതിച്ചേര്‍ക്കുകയും ചെയ്തു. സഹകരണമേഖലയ്ക്ക് നല്ല വേരോട്ടമുള്ള പഞ്ചായത്താണിത്. ആരോഗ്യകേന്ദ്രങ്ങള്‍, വിദ്യാഭ്യാസസ്ഥാനപങ്ങള്‍, റോഡുകള്‍ തുടങ്ങി എല്ലാ മേഖലകളിലും ജനങ്ങളുടെ പങ്കാളിത്തമുണ്ട്. പള്ളികളും അവയുടെ നേതൃത്വത്തിലുള്ള വിദ്യാലയങ്ങളും ഇതില്‍ മുഖ്യപങ്ക് വഹിക്കുന്നു.

കാര്‍ഷിക ചരിത്രം

കപ്പ, നെല്ല് ഇവ ആദ്യകാല കൃഷികളായിരുന്നു. തുടര്‍ന്ന് കുരുമുളക്, റബ്ബര്‍, ഇഞ്ചി, കൊക്കോ, കാപ്പി തുടങ്ങിയ നാണ്യവിളകളിലേക്കുമാറി. തിരുവിതാംകൂറില്‍ കുരുമുളകിനുണ്ടായ വിലക്കയറ്റം കുരുമുളക് കൃഷിക്ക് പ്രോത്സാഹനമായി. കൃഷിവകുപ്പിന്റെ സാധു കുരുമുളകുകൃഷി പുനരുദ്ധാരണ പദ്ധതിയിലൂടെ കുരുമുളകുകൃഷി വ്യാപകമാക്കുകയും റബ്ബര്‍ ബോര്‍ഡിന്റെ സഹായത്തോടുകൂടി റബ്ബര്‍ കൃഷി സജീവമാക്കുകയും ചെയ്തു. നാല്പതുകളില്‍ കുടിയേറിയ കര്‍ഷകര്‍ക്ക് 1965-ല്‍ രൂപീകൃതമായ സര്‍വ്വീസ് സഹകരണബാങ്കിന്റെ പ്രവര്‍ത്തനം ഏറെ സഹായകരമായിരുന്നു. കൃഷിയുടെ അവിഭാജ്യഘടകം എന്ന നിലയിലാണ് കന്നുകാലിവളര്‍ത്തല്‍ ആരംഭിക്കുന്നത്. പാലുല്പാദനത്തിനുപുറമെ നിലമുഴുക, കൃഷിക്കാവശ്യമായ ജൈവവള ലഭ്യത ഉറപ്പാക്കുക എന്നിവയും ഈ രംഗത്തെ ലക്ഷ്യങ്ങളായിരുന്നു. ഇന്‍ഡോസ്വിസ് പ്രോജക്ടിന്റെ ഭാഗമായുള്ള കൃത്രിമ ബീജസങ്കലനകേന്ദ്രം ആരംഭിച്ചതോടുകൂടി സങ്കരയിനം പശുക്കളുടെ പ്രചാരം വര്‍ദ്ധിക്കുകയും പാലുല്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാവുകയും ചെയ്തു.

വിദ്യാഭ്യാസ ചരിത്രം

കുടിയേറ്റ മേഖലയായ വാഴത്തോപ്പില്‍ ആദ്യകാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലായിരുന്നു. മണിയാറം കുടി ട്രൈബല്‍ എല്‍.പി.സ്ക്കൂളാണ് ആദ്യവിദ്യാലയം. പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു വിദ്യാലയം നിലവില്‍വന്നു. സെന്റ് മേരീസ് എല്‍.പി.സ്കൂളാണ് അടുത്തതായി ആരംഭിച്ചത്. ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ വിദ്യാലയങ്ങള്‍ പിന്നീടുണ്ടായത്. എയ്ഡഡ് സ്ക്കൂളുകളാണ് കൂടുതലുള്ളത്. വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവ ദേവാലയങ്ങളാണ് ഈ നാട്ടില്‍ വിദ്യാലയങ്ങള്‍ക്ക് നേതൃത്വം നല്കിയത്. 1970-കളില്‍ ആദിവാസികേന്ദ്രങ്ങളില്‍ അനൌപചാരിക വിദ്യാഭ്യാസം സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വയോജനവിദ്യാഭ്യാസവും സാക്ഷരതാപ്രവര്‍ത്തനവും ആദ്യഘട്ടത്തില്‍ ഏറ്റവും നല്ലനിലയില്‍ നടന്നുവന്ന ഒരു പഞ്ചായത്താണിത്.